ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കും
രഞ്ജിത്തിന് എതിരെ ചുമത്തപ്പെട്ട കുറ്റങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ നിലവിലുണ്ടെന്ന് കോടതി വ്യക്തമാക്കി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ രഞ്ജിത്തിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ചാണ് ജാമ്യം നൽകിയത്. പത്ത് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് അദ്ദേഹം മോചിതനായത്.
രഞ്ജിത്തിന് എതിരെ ചുമത്തപ്പെട്ട കുറ്റങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ നിലവിലുണ്ടെന്ന് കോടതി വ്യക്തമാക്കി. എങ്കിലും ആരോഗ്യപരമായ കാരണങ്ങളും കുറ്റങ്ങളുടെ ശിക്ഷാ കാലാവധി അഞ്ച് വർഷത്തിൽ താഴെയാണെന്നതും കണക്കിലെടുത്താണ് കോടതി ഇളവ് നൽകിയത്.
പരാതിയുടെ വസ്തുതകളിലേക്ക് ഇപ്പോൾ പൂർണ്ണമായി കടക്കുന്നില്ലെങ്കിലും, പ്രതിയെ കുറ്റവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ സാമൂഹിക പശ്ചാത്തലവും പ്രായവും പരിഗണിക്കുമ്പോൾ ഒളിവിൽ പോകാൻ സാധ്യതയില്ലെന്ന് കോടതി വിലയിരുത്തി.
പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി ഗൗരവമായി എടുത്തു. ഈ പശ്ചാത്തലത്തിലാണ് കർശനമായ ജാമ്യ വ്യവസ്ഥകൾ ഏർപ്പെടുത്തിയത്. ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനായ രഞ്ജിത്ത് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് കോടതിയെ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി എപ്പോൾ ആവശ്യപ്പെട്ടാലും ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ജാമ്യ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ ജാമ്യം ഉടനടി റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
What's Your Reaction?