എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു; യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായ യുവതി ആത്മഹത്യ ചെയ്തു

Apr 11, 2026 - 11:50
Apr 11, 2026 - 11:50
 0
എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു; യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായ യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവാവ് എച്ച്ഐവി (HIV) ബാധിത രക്തം കുത്തിവച്ച യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ക്രൂരമായ ആക്രമണം ഏൽപ്പിച്ച മാനസികാഘാതത്തെത്തുടർന്ന് ജീവനൊടുക്കിയത്. സംഭവത്തിൽ ഇവരുടെ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 11-നാണ് ഹൈദരാബാദിനെ നടുക്കിയ ഈ സംഭവം അരങ്ങേറുന്നത്. രമണിയും മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ ആലോചിച്ചിരുന്നു. എന്നാൽ മനോഹറിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ, മുൻകരുതൽ എന്ന നിലയിൽ പെൺകുട്ടിയുടെ വീട്ടുകാർ മനോഹറിനെ പരിശോധനയ്ക്ക് വിധേയനാക്കി.

പരിശോധനയിൽ മനോഹറിനും രോഗബാധയുണ്ടെന്ന് കണ്ടെത്തിയതോടെ രമണിയും കുടുംബവും വിവാഹാലോചനയിൽ നിന്ന് പിന്മാറി. ഇതിന്റെ പകയിൽ മനോഹർ രമണിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും കൈവശം കരുതിയിരുന്ന എച്ച്ഐവി ബാധിത രക്തം ബലമായി കുത്തിവെക്കുകയുമായിരുന്നു.

ആക്രമണത്തിന് പിന്നാലെ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എങ്കിലും, തനിക്ക് മാരകമായ രോഗം ബാധിക്കുമോ എന്ന ഭയവും സമൂഹത്തിൽ നേരിടേണ്ടി വന്ന അപമാനഭാരവും രമണിയെ കടുത്ത വിഷാദത്തിലാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രമണിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാരീരികമായ അക്രമത്തേക്കാൾ ഉപരിയായി, അതുണ്ടാക്കിയ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് വിലയിരുത്തുന്നു. 

സംഭവത്തിൽ മനോഹറിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയതായി ഹൈദരാബാദ് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow