അഹമ്മദാബാദിൽ അനധികൃത പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; 8 മരണം, നിരവധി പേർക്ക് പരുക്ക്
അഹമ്മദാബാദ് ∙ ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിനു പുറത്തുള്ള വസ്ത്രാലിന് സമീപം ഗത്രാഡ് റോഡിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണശാലയിലുണ്ടായ വൻ തീപിടിത്തത്തിലും സ്ഫോടനത്തിലും എട്ട് പേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു ദുരന്തം.
പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന് പിന്നാലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ (എഎംസി) കമ്മിഷണറും മേയറും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.
പ്രാഥമിക അന്വേഷണത്തിൽ യാതൊരു അനുമതിയുമില്ലാതെ അനധികൃതമായാണ് പടക്ക നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസും സിറ്റി പൊലീസും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഉച്ചയ്ക്ക് 3.24ഓടെ വലിയ സ്ഫോടന ശബ്ദം കേട്ടതായും തുടർന്ന് 3.45ഓടെ റാപ്പിഡ് ആക്‌ഷൻ ഫോഴ്സിന്റെ ക്വിക്ക് റിയാക്‌ഷൻ ടീം ഫയർ ടെൻഡറുകളും ആംബുലൻസുകളുമായി സ്ഥലത്തെത്തിയതായും അധികൃതർ അറിയിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങളും പരുക്കേറ്റവരും ഫാക്ടറിക്ക് ചുറ്റുമുള്ള പാടങ്ങളിലേക്ക് ഏകദേശം 50 മീറ്റർ അകലെയോളം തെറിച്ചുവീണ നിലയിലായിരുന്നുവെന്ന് ആർഎഎഫ് കമാൻഡന്റ് ഓഫിസർ റിതുൽ ദാഹ് അറിയിച്ചു.
What's Your Reaction?



