വിടപറഞ്ഞ് ശ്രീനന്ദ ;മൃതദേഹം നാട്ടിലെത്തിച്ചു ,സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്
പാലക്കാട്: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം വീട്ടിലെത്തിച്ചു.
ചിക്കമഗളൂരുവിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം ഏപ്രിൽ 7-ന് കാണാതായ ശ്രീനന്ദയ്ക്കായി നാല് ദിവസമായി നടന്ന തീവ്രമായ തിരച്ചിലിനൊടുവിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
കടമ്പഴിപ്പുറത്തെ വസതിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം നടക്കും. നാട്ടുകാരും സഹപാഠികളും ഉൾപ്പെടെ വൻ ജനവലിയാണ് പെൺകുട്ടിക്ക് അവസാനമായി വിടചൊല്ലാൻ എത്തുന്നത്. ഉച്ചയ്ക്ക് 1.30-ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് 40 അംഗ സംഘത്തോടൊപ്പം യാത്രയ്ക്കെത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവരടങ്ങിയ 100 അംഗ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് ദിവസങ്ങളോളം തിരച്ചിൽ നടത്തിയത്. ഒടുവിൽ വ്യൂ പോയിന്റിന് താഴെ ഏതാണ്ട് 1500 അടി താഴ്ചയിൽ ഒരു മരത്തിന് മുകളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുത്തനെയുള്ള കൊക്കയിലേക്ക് കാൽവഴുതി വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?



