യുഎസ്-ഇറാന്‍ ചര്‍ച്ച ;കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മ്മകളുമായി ഇറാന്‍ സ്പീക്കര്‍ ഇസ്ലാമാബാദില്‍

Apr 11, 2026 - 12:19
Apr 11, 2026 - 12:19
 0
യുഎസ്-ഇറാന്‍ ചര്‍ച്ച ;കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മ്മകളുമായി  ഇറാന്‍ സ്പീക്കര്‍ ഇസ്ലാമാബാദില്‍

ന്യൂഡൽഹി/ഇസ്‌ലാമാബാദ്: ചരിത്രപരമായ യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കായി ഇസ്‌ലാമാബാദിലേക്ക് പറന്ന ഇറാൻ പ്രതിനിധി സംഘത്തിന്റെ യാത്ര ലോകമനസാക്ഷിയെ ഉലയ്ക്കുന്നതായി. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫിന്റെ വിമാനത്തിൽ സഹയാത്രികരായി ഉണ്ടായിരുന്നത് യുദ്ധത്തിന്റെ ആദ്യദിനം മിനാബിലെ സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കുരുന്നുകളുടെ ഓർമ്മച്ചിത്രങ്ങളും അവരുടെ അവശേഷിപ്പുകളുമായിരുന്നു.

വിമാനത്തിലെ മുൻനിര സീറ്റുകളിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ ചിത്രങ്ങൾ, രക്തം പുരണ്ട സ്കൂൾ ബാഗുകൾ, ഷൂവുകൾ, വെള്ളപ്പൂക്കൾ എന്നിവ വെച്ചിരിക്കുന്ന ചിത്രം ഘാലിബാഫ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘‘ഈ വിമാന യാത്രയിൽ എന്റെ സഹയാത്രികർ’’ എന്നാണ് ചിത്രം പങ്കുവെച്ച് അദ്ദേഹം എക്സിൽ (X) കുറിച്ചത്. യുഎസുമായുള്ള ഈ നിർണ്ണായക ചർച്ചയ്ക്കായി പുറപ്പെട്ട ഇറാൻ സംഘത്തിന് ‘മിനാബ് 168’ എന്നാണ് പേരിട്ടിരിക്കുന്നത്. മിനാബിലെ സ്കൂളിൽ പൊലിഞ്ഞ കുരുന്നുകളെ ഇറാൻ ഒരിക്കലും മറക്കില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയും വ്യക്തമാക്കി.

ഫെബ്രുവരി 28-ന് തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള ഷജേറ തയ്യിബെ എലമെന്ററി സ്കൂളിന് നേരെ നടന്ന ടോമഹോക് മിസൈൽ ആക്രമണത്തിൽ 160-ൽ അധികം പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

ഇറാൻ ഇതിനെ ആസൂത്രിതമായ കൊലപാതകമെന്ന് വിശേഷിപ്പിച്ചപ്പോൾ, യുഎസ് സൈന്യത്തിന് പറ്റിയ കൈപ്പിഴയാണെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെയോടെ ഇറാൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലെത്തി. സ്പീക്കർ ഘാലിബാഫ്, വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അറാഗ്ചി എന്നിവർ ഉൾപ്പെടെ 14 അംഗ സംഘം. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ജാറദ് കുഷ്നർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. പാക്ക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷ്ഖ് ധർ, സംയുക്ത സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ ചേർന്നാണ് ഇറാൻ സംഘത്തെ സ്വീകരിച്ചത്. രക്തരൂക്ഷിതമായ യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടക്കുമ്പോൾ, നഷ്ടപ്പെട്ട ജീവനുകളുടെ ഓർമ്മകൾ ചർച്ചാമേശയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow