ചരിത്രമെഴുതി ആർട്ടെമിസ് 2; ചന്ദ്രനെ ചുറ്റി ദൗത്യസംഘം ഭൂമിയിൽ തിരിച്ചെത്തി
ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത ചന്ദ്രന്റെ അങ്ങേ വശം നേരിട്ട് കണ്ടാണ് നാലംഗ സംഘം മടങ്ങിയത്
ന്യൂയോർക്ക്: ലോകം കാത്തിരുന്ന ചരിത്ര ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ചന്ദ്രനെ വലംവെച്ച് മടങ്ങിയ ഒറയോൺ പേടകം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.37-ന് സാൻ ഡിയാഗോ തീരത്തിന് സമീപം ശാന്തസമുദ്രത്തിൽ പതിച്ചു (സ്പ്ലാഷ് ഡൗൺ). 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ട് വിജയകരമായി തിരിച്ചെത്തുന്നത്.
ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത ചന്ദ്രന്റെ അങ്ങേ വശം (Far side of the Moon) നേരിട്ട് കണ്ടാണ് നാലംഗ സംഘം മടങ്ങിയത്. ചന്ദ്രന്റെ പിന്നിലൂടെ സഞ്ചരിച്ച സമയം ഏകദേശം 40 മിനിറ്റോളം പേടകവുമായുള്ള ഭൂമിയുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇത് ദൗത്യത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമായിരുന്നു.
ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരെന്ന റെക്കോർഡ് ഇനി ആർട്ടെമിസ് 2 സംഘത്തിന് സ്വന്തം. ഇന്ന് പുലർച്ചെ 4.37-ന് ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ വരെ ഒറയോൺ പേടകം എത്തിച്ചേർന്നു. ഇതാണ് മനുഷ്യൻ ഇതുവരെ സഞ്ചരിച്ച പരമാവധി ദൂരം.
1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച 4,00,171 കിലോമീറ്റർ എന്ന റെക്കോർഡാണ് ഇന്നലെ രാത്രി 11.26-ഓടെ ഒറയോൺ മറികടന്നത്. നാസയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയിലെ രണ്ടാമത്തെ ദൗത്യമായിരുന്നു ഇത്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നു ആർട്ടെമിസ് 2. പേടകത്തിന്റെ പ്രവർത്തനക്ഷമതയും ദീർഘദൂര ബഹിരാകാശ യാത്രയിൽ മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും ഈ ദൗത്യത്തിലൂടെ സൂക്ഷ്മമായി നിരീക്ഷിച്ചു.
പുലർച്ചെ 5.07-ന് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച പേടകം പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് സമുദ്രത്തിൽ ഇറങ്ങിയത്. യുഎസ് നാവികസേനയുടെ കപ്പലുകൾ സ്ഥലത്തെത്തി ദൗത്യസംഘത്തെയും പേടകത്തെയും വീണ്ടെടുത്തു.
What's Your Reaction?