സുധാകരൻ ‘കമ്മ്യൂണിസ്റ്റ് വിരുദ്ധൻ’; വിരട്ടി ഒതുക്കാൻ നോക്കേണ്ടെന്ന് സജി ചെറിയാൻ; ആലപ്പുഴയിൽ വാക്പോര് മുറുകുന്നു
തിരുവനന്തപുരം: സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി സജി ചെറിയാൻ രംഗത്ത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ പല രഹസ്യങ്ങളും ഓരോന്നായി വെളിപ്പെടുത്തുമെന്നും സജി ചെറിയാൻ മുന്നറിയിപ്പ് നൽകി.
കൃഷ്ണപിള്ള സ്മാരകം തകർത്തതിൽ തനിക്കെതിരെ സുധാകരൻ ഉന്നയിച്ച ആരോപണത്തെ സജി ചെറിയാൻ തള്ളി. "സ്മാരകം തകർക്കാൻ പോയിട്ടുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ചേ പോകൂ. ഞാൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും കാണും. സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന് താൻ പറഞ്ഞാലോ?" എന്ന് അദ്ദേഹം തിരിച്ചടിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ ചതിച്ച സുധാകരൻ ഒന്നര വർഷം മുൻപേ കെ.സി. വേണുഗോപാലുമായി കരാർ ഉണ്ടാക്കിയെന്ന് സജി ചെറിയാൻ ആരോപിച്ചു. സീറ്റില്ലെന്ന് ഉറപ്പായതോടെ 24 മണിക്കൂർ കൊണ്ട് സുധാകരൻ വലതുപക്ഷമായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
സുധാകരന്റെ ആസ്തിയുടെ 25-ൽ ഒന്ന് പോലും ഇപ്പോഴത്തെ എം.എൽ.എമാർക്കില്ല. അഞ്ച് രൂപ കിട്ടിയാൽ സുധാകരൻ പോക്കറ്റിലിടും. സുധാകരൻ മാഫിയ എന്ന് വിളിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും സജി ചെറിയാൻ പറഞ്ഞു.
ജി. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ആറുമാസത്തിനകം ആലപ്പുഴ കടലിൽ ചാടി ചാകേണ്ടി വരും. സുധാകരനെ കോൺഗ്രസുകാർ ഉപയോഗിച്ച് കഴിഞ്ഞ് കരിമ്പിൻ ചണ്ടി പോലെ വലിച്ചെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സുധാകരൻ അനുഭവിക്കും, പ്രപഞ്ചത്തിൽ സത്യമുണ്ട്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വഞ്ചനയാണ് അദ്ദേഹം പാർട്ടിയോട് ചെയ്തത്. അമ്പലപ്പുഴയിൽ എച്ച്. സലാം വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. സുധാകരൻ ചരിത്രത്തിന്റെ ചവിറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്നും സജി ചെറിയാൻ പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ പോന്ന വലിയൊരു രാഷ്ട്രീയ കലഹമായി ഇത് മാറിയിരിക്കുകയാണ്. ജില്ലയിലെ 8 മണ്ഡലങ്ങളും എൽ.ഡി.എഫ് നിലനിർത്തുമെന്നും ഹരിപ്പാട് അട്ടിമറി വിജയം ഉണ്ടാകുമെന്നും സജി ചെറിയാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
What's Your Reaction?