ബംഗാളില്‍ സ്ത്രീകള്‍ക്ക് മാസം 3000 രൂപ പ്രകടനപത്രികയുമായി ബിജെപി; സംവരണ ബില്ലില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി. സ്ത്രീകൾക്കും യുവാക്കൾക്കും വൻ വാഗ്ദാനങ്ങൾ നൽകുന്ന പത്രികയിൽ നയപരമായ പല സുപ്രധാന പ്രഖ്യാപനങ്ങളും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രസർക്കാരിന്റെ വനിതാ സംവരണ ബില്ലിലെ പുതിയ നിർദ്ദേശങ്ങൾക്കെതിരെ കോൺഗ്രസും സി.പി.എമ്മും രംഗത്തെത്തി.
സ്ത്രീകൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കും പ്രതിമാസം 3000 രൂപ വീതം സഹായം നൽകും. സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കും. വനിതാ സുരക്ഷയ്ക്കായി പ്രത്യേക സ്‌ക്വാഡും ബറ്റാലിയനും രൂപീകരിക്കും. സർക്കാർ ജീവനക്കാർക്കായി ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കും. ഏകീകൃത സിവിൽ കോഡ് (UCC) നടപ്പാക്കും. കന്നുകാലി കടത്ത് തടയാൻ കർശന നിയമവും മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ പ്രത്യേക നിയമവും കൊണ്ടുവരും.
വനിതാ സംവരണ ബില്ലിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് സംവരണം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാടിലാണ്.
സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ വിശാലമായ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോൽവി ഭയന്നുള്ള സർക്കാരിന്റെ നാടകമാണിതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. 2024-ൽ തന്നെ സംവരണം നടപ്പാക്കണമെന്നതായിരുന്നു കോൺഗ്രസ് നിലപാടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും.
മണ്ഡല പുനർനിർണ്ണയം ഇല്ലാതെ തന്നെ സംവരണം നടപ്പാക്കാൻ സാധിക്കുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സീറ്റുകൾ വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ കൂടിയാലോചനകൾ വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
What's Your Reaction?