അനധികൃത സ്വത്ത് സമ്പാദനക്കേസ്: കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ ജയലളിതയുടെ ബന്ധുക്കള്‍

Feb 8, 2025 - 13:55
Feb 8, 2025 - 13:56
 0  5
അനധികൃത സ്വത്ത് സമ്പാദനക്കേസ്: കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ ജയലളിതയുടെ ബന്ധുക്കള്‍

ചെന്നൈ: കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ബന്ധുക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കണ്ടുകെട്ടിയ മുന്‍ എഐഎഡിഎംകെ മേധാവിയുടെ സ്വത്തുക്കള്‍ തിരികെ നല്‍കാന്‍ വിസമ്മതിച്ച കോടതി ഉത്തരവിനെതിരെയാണ് ജയലളിതയുടെ ബന്ധുക്കളുടെ നീക്കം. 

2016 ഡിസംബറില്‍ ജയലളിതയുടെ മരണശേഷം അവരെ കുറ്റവിമുക്തരാക്കിയതിനെതിരായ അപ്പീല്‍ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ എല്ലാ സ്ഥാവരജംഗമ സ്വത്തുക്കളും തിരികെ അവകാശപ്പെടാന്‍ അവകാശമുണ്ടെന്ന് അനന്തരാവകാശികള്‍ സുപ്രീം കോടതിയെ അറിയിച്ചു.

കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 2025 ജനുവരി 29നാണ് പ്രത്യേക കോടതി  സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഇത് തമിഴ്നാട് സര്‍ക്കാരിന് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായും സ്വത്തുക്കള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതി രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജയലളിതയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി ഉത്തരവിനെ കര്‍ണാടക സംസ്ഥാനം ചോദ്യം ചെയ്തിരുന്നുതായി ഹര്‍ജിയില്‍ പറയുന്നു. അതേസമയം, വിചാരണ നടക്കുന്നതിനിടെ അവര്‍ മരിച്ചതിനാല്‍, മരണശേഷം അവര്‍ക്കെതിരായ ക്രിമിനല്‍ അപ്പീലുകള്‍ അവസാനിച്ചതായും അതിനാല്‍, ജപ്തി ചെയ്ത സ്വത്ത് കണ്ടുകെട്ടാനുള്ള പ്രത്യേക കോടതിയുടെ നിര്‍ദ്ദേശം ബാധകമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow