"തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും."
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നിയമസഭാ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കും നിശ്ചയിച്ചിട്ടുണ്ട്. ഇരുവർക്കും പുതിയ മന്ത്രിസഭയിൽ സ്ഥാനമുണ്ടാകില്ലെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള സൂചന. അതേസമയം, മുന്നണി ധാരണപ്രകാരം കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് ചീഫ് വിപ്പ് പദവി നൽകാനും തീരുമാനമായിട്ടുണ്ട്.
മന്ത്രിസഭയിൽ അംഗമാകാനായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന് താല്പര്യമെങ്കിലും, അദ്ദേഹത്തിന്റെ ദീർഘകാലത്തെ പരിചയസമ്പന്നതയും നിയമസഭാ ചട്ടങ്ങളിലുള്ള ആഴത്തിലുള്ള അറിവും മുൻനിർത്തിയാണ് പാർട്ടി സ്പീക്കർ പദവിയിലേക്ക് നിയോഗിച്ചത്. ആലപ്പുഴയിൽ നിന്ന് രമേശ് ചെന്നിത്തലയ്ക്കും എം. ലിജുവിനും പുറമെ മന്ത്രിസ്ഥാനത്തേക്ക് ശക്തമായി ഉയർന്നുകേട്ട പേരായിരുന്നു ഷാനിമോൾ ഉസ്മാന്റേത്. കോൺഗ്രസ് വനിതാ എം.എൽ.എമാരിലെ ഏറ്റവും മുതിർന്ന നേതാവെന്ന പരിഗണനയും കെ.പി.സി.സി കോർ കമ്മിറ്റിയിലെ ഏക വനിതാ പ്രതിനിധിയെന്ന നിലയിലും അവർക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഒടുവിൽ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. രണ്ടാം വട്ടമാണ് ഷാനിമോൾ ഉസ്മാൻ നിയമസഭയിലെത്തുന്നത്.
What's Your Reaction?

