ഡൽഹിയിൽ വൻ ഭീകര ഗൂഢാലോചന പൊളിച്ചു; ഐഎസ്ഐ ബന്ധം സംശയിക്കുന്ന 9 പേർ പിടിയിൽ
ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ (ഇന്റർ-സർവീസസ് ഇന്റലിജൻസ്)യുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പത് പേരെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഡൽഹിയിലെ പ്രധാന സ്ഥാപനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പ്രാഥമിക വിവരം. അറസ്റ്റിലായവർക്കു അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. ഇവരിൽ ചിലർ വിദേശ പൗരന്മാരാണെന്നും റിപ്പോർട്ടുകളുണ്ട്. ആണവ നിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പവർ പ്ലാന്റുകൾ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണ പദ്ധതിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അറസ്റ്റിലായവരെ രഹസ്യാന്വേഷണ ഏജൻസികൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും വിശദമായ അന്വേഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പിടിച്ചെടുത്ത ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും ഉറവിടം എന്താണെന്നും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
What's Your Reaction?



