ഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യൽ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ്-ഇൻ-കമാൻഡറിന്‍റെ പിതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. AAIBയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
അപകടവുമായി ബന്ധപ്പെട്ട വിദേശ മാധ്യമങ്ങളുടെ വാർത്തകൾ അംഗീകരിക്കാനാവാത്തതെന്നും കോടതി. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ കമാന്‍ഡറായിരുന്ന പൈലറ്റിനെതിരെ ഒരു തെറ്റും ആരോപിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ദുഷ്പ്രചരണങ്ങളുടെ ഭാരം നിങ്ങൾ വഹിക്കരുതെന്നും ഒരു സർക്കാർ റിപ്പോർട്ടുകളും ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും ഇന്ത്യയിൽ ആരും അങ്ങനെ വിശ്വസിക്കില്ലെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു, ഈ മാസം പത്തിന് വീണ്ടും കേസ് പരിഗണിക്കും.
ജൂണ്‍ 12-നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.