'പഴം കർഷകരെ സഹായിക്കാനല്ല'; വീര്യം കുറഞ്ഞ മദ്യ ചട്ടഭേദഗതിയിൽ എം.വി. ഗോവിന്ദന്റെ വാദം തള്ളി സർക്കാർ രേഖകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ചട്ടഭേദഗതി നടത്തിയത് പഴം കർഷകരെ സഹായിക്കാനാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാദത്തിന് വിരുദ്ധമായ വിവരങ്ങളാണ് സർക്കാർ രേഖകളിലുള്ളത്.
2022-23ലെ മദ്യനയ ഉത്തരവിൽ കാർഷികോൽപന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യവും വൈനും ഉൽപാദിപ്പിക്കുന്നതും സംസ്ഥാനത്ത് 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കുന്നതും രണ്ട് വ്യത്യസ്ത തീരുമാനങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉദയഭാനു കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനുള്ള കരട് ചട്ടം നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് സമർപ്പിച്ച കുറിപ്പിലും പഴങ്ങളിൽ നിന്ന് മദ്യം ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ച് പരാമർശമില്ല. 2022-23ലെ മദ്യനയത്തിന്റെ ഭാഗമായി 0.5 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യം വിൽക്കാൻ വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് നിർദേശിച്ചതെന്ന് രേഖകളിൽ പറയുന്നു.
42.86 ശതമാനം വീര്യമുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിനൊപ്പം 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാൽ ഉയർന്ന വീര്യമുള്ള മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ കഴിയുമെന്ന വിലയിരുത്തലും കുറിപ്പിലുണ്ട്.
2017ൽ ബക്കാഡി കമ്പനി വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനായി ചട്ടഭേദഗതി ആവശ്യപ്പെട്ടിരുന്നു. അന്നത്തെ എക്‌സൈസ് മന്ത്രിമാരായിരുന്ന ടി.പി. രാമകൃഷ്ണനും പിന്നീട് എം.വി. ഗോവിന്ദനും കമ്പനിക്ക് നൽകിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് ചട്ടഭേദഗതി നടപടികൾ മുന്നോട്ടുപോയതെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
അതേസമയം, പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈനും മദ്യവും ഉൽപാദിപ്പിക്കാൻ അനുമതി നൽകുന്ന പ്രത്യേക നയം ശാസ്ത്രീയ പഠനങ്ങളുടെയും കൃഷിവകുപ്പിന്റെ ശുപാർശകളുടെയും അടിസ്ഥാനത്തിൽ 2019 ഒക്ടോബർ 26നാണ് സർക്കാർ അംഗീകരിച്ചത്. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയവയിൽ നിന്ന് വൈനും വീര്യം കുറഞ്ഞ മദ്യവും ഉൽപാദിപ്പിക്കാൻ അബ്കാരി ചട്ടങ്ങളിൽ പ്രത്യേക ഭേദഗതിയും ഇതിനായി കൊണ്ടുവന്നിരുന്നു.
What's Your Reaction?



