"തീരുമാനം വൈകില്ല; ഹൈക്കമാൻഡ് നിലപാടിനായി കാത്തിരിക്കുന്നു: പി.കെ. കുഞ്ഞാലിക്കുട്ടി"

May 13, 2026 - 12:51
May 13, 2026 - 12:52
 0

ഹൈക്കമാൻഡ് തീരുമാനം വൈകില്ലെന്നും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഡൽഹിയിൽ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് നടന്ന ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ തുടർനടപടികൾ സ്വീകരിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ബാക്കി കാര്യങ്ങൾ ആലോചിച്ച് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ അനാവശ്യമായ കാലതാമസമില്ലെന്നും ഉത്തരവാദിത്തപ്പെട്ട പദവി ആയതുകൊണ്ടാണ് സ്വാഭാവികമായ സമയമെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിൽ ഭരണസ്തംഭനമുണ്ടെന്ന വാദം അദ്ദേഹം തള്ളി. ഒരാഴ്ച കൊണ്ട് എങ്ങനെയാണ് ഭരണസ്തംഭനം ഉണ്ടാവുകയെന്നും ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റാരെയും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകി. അതേസമയം, തീരുമാനം വൈകുന്നതിൽ ലീഗ് നേതൃയോഗത്തിൽ ചില നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. എങ്കിലും വി.ഡി. സതീശനെ പിന്തുണയ്ക്കാനുള്ള മുൻപത്തെ തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.

What's Your Reaction?

like

dislike

love

funny

angry

sad

wow