പ്രമുഖ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു
കന്നഡ ചലച്ചിത്ര ലോകത്തെയും മിനിസ്ക്രീൻ പ്രേക്ഷകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി പ്രമുഖ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. 2007-ൽ പുനീത് രാജ്കുമാർ നായകനായ 'മിലാന' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ദിലീപ്, യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങി ഇരുപത്തിനാലിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ നാടകരംഗത്തും ഡബ്ബിങ് മേഖലയിലും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചു.
ഡിആർ ക്രിയേഷൻസ് എന്ന ബാനറിലൂടെ നിർമ്മാണ രംഗത്തും സജീവമായിരുന്ന അദ്ദേഹം നിരവധി ടെലിവിഷൻ പരമ്പരകൾ പ്രേക്ഷകരിലെത്തിച്ചു. സീ കന്നഡയിലെ 'ഹിറ്റ്‌ലർ കല്യാണ' എന്ന ഹിറ്റ് സീരിയലിലെ നായക വേഷത്തിലൂടെയാണ് അദ്ദേഹം കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായത്. ദിലീപ് രാജിന്റെ അകാലത്തിലുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം. നിരവധി പ്രമുഖർ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.
What's Your Reaction?