ഷുഹൈബ് വധക്കേസ്; രാഹുൽ മാങ്കൂട്ടത്തിലും ആകാശ് തില്ലങ്കേരിയും തമ്മിൽ സോഷ്യൽ മീഡിയ പോര്, പിന്നാലെ ബെല്ലയുടെ കഥയും ചർച്ചയായി
ഷുഹൈബ് വധക്കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യം തലശ്ശേരി കോടതി റദ്ദാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സമൂഹ മാധ്യമത്തിലൂടെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ആകാശ് മുമ്പ് പങ്കുവച്ച ചിത്രത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി, നായ മാത്രം ഉൾപ്പെടുത്തി പങ്കുവച്ച പോസ്റ്റിൽ ‘ഷുഹൈബിനെ വേട്ടയാടാൻ പോയവരുടെ ജാമ്യം റദ്ദായി, ഒരു കണക്കും വിടില്ല’ എന്നായിരുന്നു രാഹുലിന്റെ വിമർശനം.
എന്നാൽ പിന്നാലെ ഹൈക്കോടതി ആകാശ് തില്ലങ്കേരി അടക്കമുള്ളവർക്ക് ജാമ്യം അനുവദിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ആകാശും സമൂഹ മാധ്യമത്തിലൂടെ മറുപടിയുമായി എത്തി. ജീപ്പിന് മുകളിൽ കോഴി ഇരിക്കുന്ന ചിത്രം പങ്കുവച്ച് ‘തില്ലങ്കേരി സഖാക്കൾ പേടിച്ച് പോയെന്ന് പറഞ്ഞേക്ക്’ എന്ന പരിഹാസ കുറിപ്പായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്.
ഇതിനിടെ ആകാശിനൊപ്പമുണ്ടായിരുന്ന നായ ‘ബെല്ല’യെ കുറിച്ചുള്ള കുറിപ്പും ശ്രദ്ധ നേടി. വീട്ടിലെത്തിയ മൂർഖൻ പാമ്പിനെ നേരിടുന്നതിനിടെ പാമ്പുകടിയേറ്റ് ബെല്ല മരിച്ചുവെന്നും, മരണത്തിന് മുമ്പ് പാമ്പിനെ കൊന്നുവെന്നുമാണ് സമൂഹ മാധ്യമ കുറിപ്പിൽ പറയുന്നത്.
2018 ഫെബ്രുവരി 18ന് മട്ടന്നൂരിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ വിചാരണ ഏറെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ആരംഭിച്ചത്. സാക്ഷി വിസ്താരം നീണ്ടതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കിയിരുന്നു. കേസിന്റെ തുടർ വിചാരണ ഈ മാസം 29ന് നടക്കും.
What's Your Reaction?



