ഇഡി റെയ്ഡിന് പിന്നാലെ പിണറായിയെ ട്രോൾ ചെയ്ത് കോൺഗ്രസ്; ‘വീട്ടിൽ പോയി ചോദിച്ചാൽ മതി ഡയലോഗ് വൈറൽ

May 27, 2026 - 14:04
May 27, 2026 - 14:04
 0
ഇഡി റെയ്ഡിന് പിന്നാലെ പിണറായിയെ ട്രോൾ ചെയ്ത് കോൺഗ്രസ്; ‘വീട്ടിൽ പോയി ചോദിച്ചാൽ മതി ഡയലോഗ് വൈറൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും ബന്ധുവീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെ ചുറ്റിപ്പറ്റി രാഷ്ട്രീയ പ്രതികരണങ്ങൾ ശക്തമാകുന്നു. സംഭവത്തിൽ പരിഹാസവുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്, പിണറായി വിജയൻ നേരത്തെ പറഞ്ഞ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന പരാമർശം കേട്ടത് ഇഡിയാണെന്ന് തോന്നുന്നുവെന്ന് വിമർശിച്ചു. അതുകൊണ്ടാവാം ഇഡി വീട്ടിലും ബന്ധുവീടുകളിലും എത്തിയത് എന്നും അദ്ദേഹം പരിഹസിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച സിപിഐഎം പ്രവർത്തകനോട് പിണറായി വിജയൻ ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പറഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വസന്ത് സിറിയകിന്റെ പ്രതികരണം.

ഇതിനിടെ, പിണറായി വിജയന്റെ വീട്ടടക്കമുള്ള സ്ഥലങ്ങളിലെ ഇഡി റെയ്ഡിനെക്കുറിച്ച് ആഭ്യന്തരവകുപ്പ് മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. റെയ്ഡിനായി പൊലീസ് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സ്വാഭാവിക രാഷ്ട്രീയ നടപടിയാണെന്നും, കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

‘സിപിഐഎം-ബിജെപി ഡീൽ’ എന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. സിപിഐഎമ്മിനും ബിജെപിക്കും ഇടയിൽ മുൻപ് വലിയ ബന്ധമുണ്ടായിരുന്നുവെന്നും, ആ ബന്ധം എങ്ങനെ തകർന്നുവെന്നത് ജനങ്ങളോട് വ്യക്തമാക്കേണ്ടത് സിപിഐഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. ഡയറിയിൽ പരാമർശിക്കുന്ന പേരുകളെക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും, അന്വേഷണത്തെ എതിർക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരുവശത്ത്, പിണറായി വിജയന്റെ വീട്ടിലുണ്ടായ ഇഡി റെയ്ഡിനെ കോൺഗ്രസ്-ബിജെപി ആസൂത്രിത നീക്കമായി ചിത്രീകരിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പി സി വിഷ്ണുനാഥും വ്യക്തമാക്കി. റെയ്ഡിനെക്കുറിച്ചുള്ള വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, കേന്ദ്ര അന്വേഷണ ഏജൻസികളിൽ കോൺഗ്രസിന് യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയെ കോൺഗ്രസുമായി ബന്ധിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow