എബോള ഭീതി ഒഴിവായി; ബെംഗളൂരുവിലെ യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്
ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ എബോള വൈറസ് ആശങ്ക ഉയർന്നെങ്കിലും പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവായതോടെ ആശ്വാസം. യുഗാണ്ടയിൽ നിന്ന് എത്തിയ 28 വയസ്സുള്ള യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയത്.
മേയ് 23ന് ബെംഗളൂരുവിലെത്തിയ യുവതിയെ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ നടത്തിയ പരിശോധനയിൽ കടുത്ത പനിയില്ലെങ്കിലും ശക്തമായ ക്ഷീണം കണ്ടെത്തി. ഇതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി എബോള പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു.
ആദ്യം ഹോട്ടലിൽ താമസിച്ചിരുന്ന യുവതിക്ക് പിന്നീട് ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ദിരാനഗറിലെ പ്രത്യേക പകർച്ചവ്യാധി ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് എബോള ബാധയില്ലെന്ന് വ്യക്തമായത്.
ഇന്ത്യയിൽ നിലവിൽ ആർക്കും എബോള സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ആഫ്രിക്കയിലെ ചില മേഖലകളിൽ എബോള വ്യാപനം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിമാനത്താവളങ്ങളിലടക്കം കർശന ജാഗ്രത തുടരുകയാണ്.
What's Your Reaction?



