ഇഡി പരിശോധനയ്ക്ക് പിന്നാലെ കലാപം: ഉദ്യോഗസ്ഥ പിഴവെന്ന് കണ്ടെത്തല്‍, പോലീസ് ആക്രമണത്തിലും നടപടി

May 28, 2026 - 08:43
May 28, 2026 - 08:51
 0
ഇഡി പരിശോധനയ്ക്ക് പിന്നാലെ കലാപം: ഉദ്യോഗസ്ഥ പിഴവെന്ന് കണ്ടെത്തല്‍, പോലീസ് ആക്രമണത്തിലും നടപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ ലഭ്യമായിരുന്നിട്ടും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന വിമര്‍ശനവും ശക്തമാണ്.

സംഭവസ്ഥലത്ത് ജൂനിയര്‍ തലത്തിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ചുമതല ലഭിച്ചിട്ടും റേഞ്ച് ഡിഐജി നേരിട്ട് എത്താതിരുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പുറത്തേക്കിറങ്ങിയ സമയത്ത് ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധം രൂക്ഷമായപ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിലും കസ്റ്റഡിയിലെടുക്കുന്നതിലും ഡിസിപിക്കും എസ്എച്ച്ഒയ്ക്കും പരാജയമായെന്നാണ് വിലയിരുത്തല്‍.

അതേസമയം, പോലീസിനെ ആക്രമിച്ച സംഭവത്തില്‍ മ്യൂസിയം പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ലഹള സൃഷ്ടിക്കല്‍, അനധികൃത സംഘംചേരല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ആക്രമണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഏകദേശം 300 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതില്‍ 12 പേരെ തിരിച്ചറിഞ്ഞതായും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. പ്രതികളായ സി.പി.ഐ(എം) പ്രവര്‍ത്തകരെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow