ഡൽഹി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ പ്രതിസന്ധി ഉടൻ തീർക്കുന്നതിൽ നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. നാലാം ദിവസവും വിമാന സർവീസുകൾ മുടങ്ങിയതോടെ നിരവധി വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 600 ഓളം സർവീസുകളാണ് റദ്ദാക്കിയത്.
കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനി സിഇഒ വിശദീകരണം നൽകി. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേർസ് ജീവനക്കാര്‍ക്ക് അയച്ച മെയിലാണ് ദേശീയമാധ്യമങ്ങള്‍ക്ക് ലഭിച്ചത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല.
സർവ്വീസുകൾ പൂർണ്ണമായും സാധാരണ നിലയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാം എന്നാണ് ഇൻഡിഗോ അറിയിച്ചത്. സാങ്കേതികമായ പ്രശ്‌നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്ത് വന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.