മുംബൈ: രാജ്യമെങ്ങും വിപുലമായ ഹോളി ആഘോഷം ആരംഭിച്ചു. പല വർണങ്ങളാൽ നിറഞ്ഞിരിക്കുകയാണ് വീഥികളെല്ലാം. ഹോളിക ദഹനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വര്‍ണ്ണങ്ങള്‍ വിതറിയും മധുരം പങ്കുവെച്ചും ഉത്തരേന്ത്യയില്‍ വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്.
മൈതാനങ്ങളിലും റിസോര്‍ട്ടുകളിലും സംഘമായി ഒത്തുചേര്‍ന്നുള്ള ആഘോഷങ്ങളുമുണ്ട്. അതെ സമയം ആഘോഷങ്ങള്‍ അതിര് വിടരുതെന്ന് കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമായ മഥുരയിലെ ആഘോഷങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്.
ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ഫെബ്രുവരിയുടെ അവസാനമോ മാർച്ചിന്റെ ആദ്യമോ ആണ് ഹോളി വരുന്നത്. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാൽ പിന്നീട് അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി.