ഡൽഹി: തൃണമൂൽ കോൺഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രവർത്തിക്കും ബോളിവുഡ് താരം ഉർവശി റൗട്ടേലക്കും ഇഡി നോട്ടീസ്. അനധികൃത ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി.
മിമി ചക്രബർത്തി സെപ്റ്റംബർ 15 നും, ബോളിവുഡ് നടി ഉർവശി റൗട്ടേല സെപ്റ്റംബർ 16 നും ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. വണ്‍എക്‌സ് ബെറ്റിങ് ആപ് കേസിലാണ് ഇഡി നടപടി. കേസിൽ ഇഡി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രിക്കറ്റ് താരം ശിഖര്‍ ധവാൻ, സിനിമ താരങ്ങളായ പ്രകാശ് രാജ്, ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി തുടങ്ങിയ 29 സെലിബ്രറ്റികള്‍ക്കെതിരെ ഇഡി കേസ് എടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി സംശയിക്കുന്ന ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെയുള്ള കേന്ദ്ര ഏജൻസിയുടെ നീക്കത്തിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്.