ആധാർ കാർഡ് പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി
ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്

ന്യൂഡല്‍ഹി: ആധാർ കാർഡ് പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി ശരിവെച്ചു. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം. ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.
ആധാറിനെ പൗരത്വം തെളിയിക്കുന്നതിനുള്ള നിര്‍ണായക രേഖയായി കണക്കിലെടുക്കാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിയാണെന്നും എന്നാല്‍ ആധാറില്‍ സ്വതന്ത്രമായ പരിശോധന വേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു.
വോട്ടര്‍പട്ടിക പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അവര്‍ക്ക് അധികാരമില്ലെങ്കില്‍ എല്ലാം അവസാനിക്കും. പക്ഷെ, അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെങ്കില്‍ അതൊരു വിഷയമല്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. 2003ലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പോലും ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരുമെന്നും താമസസ്ഥലം മാറ്റിയിട്ടില്ലെങ്കില്‍ പോലും ഇതിലൂടെ വോട്ടവകാശം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം വാദിച്ചു.
കമ്മീഷന്റെ കണക്കുപ്രകാരം 7.24 കോടിയാളുകളാണ് രേഖകള്‍ സമര്‍പ്പിച്ചത്. അതില്‍ 65 ലക്ഷം പേരെ പട്ടികയില്‍നിന്ന് കാര്യമായ പരിശോധനയോ അന്വേഷണമോ ഇല്ലാതെ ഒഴിവാക്കിയെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
What's Your Reaction?






