ഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും. പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം മടങ്ങുന്നത്. ഇന്ന് വൈകുന്നേരം 4.30നാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും അണ്‍ഡോക്ക് ചെയ്യുക.
നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിൽ എത്തും. ബഹിരാകാശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതും ആയിരുന്നുവെന്ന് ശുഭാന്‍ഷു വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് യാത്ര തിരിച്ചത്. ബഹിരാകാശ ദൗത്യത്തിന്റെ അൺഡോക്കിങ്ങ്, മടക്കയാത്രയുടെ പുറപ്പെടൽ എന്നിവ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.