നിർധന രോഗികൾക്ക് ആർസിസിയിൽ സൗജന്യ റോബോട്ടിക് സർജറി; എൽ.ഐ.സി യുമായി ധാരണയായി

2025 - 26 വർഷത്തിൽ 100 രോഗികൾക്ക് സൗജന്യ ശസത്രക്രിയ നൽകും

Aug 12, 2025 - 18:00
Aug 12, 2025 - 18:00
 0
നിർധന രോഗികൾക്ക് ആർസിസിയിൽ സൗജന്യ റോബോട്ടിക് സർജറി; എൽ.ഐ.സി യുമായി ധാരണയായി
തിരുവനന്തപുരം: നിർധനരായ രോഗികൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ  അത്യാധുനിക റോബോട്ടിക് സർജറി സൗജന്യമായി നൽകുമെന്ന് ആർ സി സി ഡയറക്ടർ ഡോ. രേഖ എ നായർ അറിയിച്ചു.  സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികൾക്ക് എൽഐസി ഇന്ത്യയുമായി ചേർന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യം നൽകുന്നത്. 
 
2025 - 26 വർഷത്തിൽ 100 രോഗികൾക്ക് സൗജന്യ ശസത്രക്രിയ നൽകും. ഇതിനായി 1.25 കോടി രൂപ എൽഐസിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്നും ആർസിസിക്ക് കൈമാറുന്നതിന് ധാരണയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലും എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ആർസിസിക്ക് നൽകിയിരുന്നു.
 
സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സർജറി. കംപ്യൂട്ടർ നിയന്ത്രിത റോബോട്ടിക് കൈകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് കൂടുതൽ കൃത്യതയുണ്ട്. ത്രിമാനദൃശ്യങ്ങൾ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകൾ നിയന്ത്രിക്കുന്നത്. ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിലെ ശസ്ത്രക്രിയ കൂടുതൽ വിജയകരമായി ചെയ്യാനാകും. 
 
ഓപ്പൺ സർജറിയെ അപേക്ഷിച്ച് രോഗി ആശുപത്രിയിൽ കഴിയേണ്ടസമയം കുറയ്ക്കാനാകുമെന്നതും  ചെറിയ മുറിവായതിനാൽ അണുബാധസാധ്യത കുറവാണെന്നതുമാണ് റോബോട്ടിക് സർജറിയുടെ പ്രത്യേകകൾ. ശസ്ത്രക്രിയയ്ക്കിടെയുള്ള രക്തസ്രാവവും കുറവായിരിക്കും. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് സർജറിയും, പീഡിയാട്രിക് റോബോട്ടിക് സർജറിയും വിജയകരമായി നടത്തിയത് ആർ സി സിയിലാണ്. 150 ൽ അധികം റോബോട്ടിക് സർജറികൾ ഇതിനകം ആർസിസിയിൽ ചെയ്ത് കഴിഞ്ഞു.
 
 

What's Your Reaction?

like

dislike

love

funny

angry

sad

wow