കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 60 ശതമാനമായി ഉയർത്തി; 2 ശതമാനം വർധനവിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 60 ശതമാനമായി മാറും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയിൽ (DA) 2 ശതമാനം വർധനവ് പ്രഖ്യാപിച്ചു. 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഈ വർധനവ് നടപ്പിലാക്കുകയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 60 ശതമാനമായി മാറും. 50.5 ലക്ഷം ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ക്ഷാമബത്തയിലെ ഈ വർധനവ് വഴി ഖജനാവിന് പ്രതിവർഷം 6,791 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് സർക്കാർ കണക്കാക്കുന്നു.
2025 ഒക്ടോബറിലായിരുന്നു ഇതിന് മുൻപ് ഡിഎ വർധിപ്പിച്ചത്. അന്ന് 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായാണ് ഉയർത്തിയത്. സാധാരണഗതിയിൽ വർഷത്തിൽ രണ്ടുതവണയാണ് (ജനുവരിയിലും ജൂലൈയിലും) കേന്ദ്ര സർക്കാർ ക്ഷാമബത്ത പരിഷ്കരിക്കാറുള്ളത്. വിലക്കയറ്റത്തിന്റെ തോത് അനുസരിച്ചാണ് ഈ വർധനവ് നിശ്ചയിക്കുന്നത്.
What's Your Reaction?