എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിന് തീപിടിച്ച് യാത്രക്കാരന്‍ മരിച്ചു; രണ്ട് എസി കോച്ചുകൾ കത്തിനശിച്ചു

പുലർച്ചെ ഏകദേശം ഒരു മണിയോടെയാണ് അപകടം നടന്നത്

Dec 29, 2025 - 09:34
Dec 29, 2025 - 09:35
 0
എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിന് തീപിടിച്ച് യാത്രക്കാരന്‍ മരിച്ചു; രണ്ട് എസി കോച്ചുകൾ കത്തിനശിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിന് തീപിടിച്ച് ഒരു യാത്രക്കാരന്‍ മരിച്ചു. ടാറ്റാനഗർ – എറണാകുളം എക്സ്പ്രസ്സിലുണ്ടായ (18189) അപകടത്തിൽ 70 വയസ്സുള്ള ഒരു യാത്രക്കാരനാണ് മരിച്ചത്. പുലർച്ചെ ഏകദേശം ഒരു മണിയോടെയാണ് അപകടം നടന്നത്. 

ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപമുള്ള എലമഞ്ചി റെയിൽവേ സ്റ്റേഷനില്‍ വെച്ചാണ് തീപിടിത്തം ഉണ്ടായത്. ട്രെയിനിലെ ബി1 (B1), എം2 (M2) എന്നീ രണ്ട് എസി കോച്ചുകൾ പൂർണ്ണമായും കത്തിനശിച്ചു. ആദ്യം ബി1 കോച്ചിലാണ് തീപിടിത്തമുണ്ടായത്, പിന്നീട്, ഇത് എം2 കോച്ചിലേക്ക് പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

രാത്രിയായതിനാൽ യാത്രക്കാർ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. എന്നാൽ, തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. ഇത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.

തലേദിവസം രാവിലെ 5 മണിക്ക് ടാറ്റാനഗറിൽ നിന്നാണ് ട്രെയിൻ യാത്ര ആരംഭിച്ചത്. എലമഞ്ചി സ്റ്റേഷനിൽ രാത്രി 9 മണിയോടെ എത്തേണ്ടിയിരുന്ന ട്രെയിൻ, മൂന്ന് മണിക്കൂർ വൈകിയാണ് അവിടെ എത്തിയത്. സംഭവത്തെക്കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച യാത്രക്കാരനെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow