റായ്പുർ: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.
ബിലാസ്പുർ ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്ജ് സിറാജുദ്ധീൻ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇരുവരും ഇന്ന് തന്നെ മോചിതരാകും. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളായിരുന്നു ഇവർക്കെതിരെ ആരോപിച്ചിരുന്നത്.