ഡൽഹി: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാരും ആദരം അർപ്പിക്കും. വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മുൻ മുഖ്യമന്ത്രി എന്ന നിലയിലാണ് ആദരമർപ്പിക്കാൻ കേന്ദ്രം പ്രത്യേക പ്രതിനിധിയെ അയക്കുന്നത്. ബുധനാഴ്ച്ച നടക്കുന്ന സംസ്‌കാര ചടങ്ങിൽ പ്രതിനിധി പങ്കെടുക്കും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വി.എസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
വി എസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി വി എസ് സമര്‍പ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവും വിഎസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘകാല പൊതുജീവിതത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും ചെയ്തയാളാണ് വി എസെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.