തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണം; മന്ത്രി വി ശിവൻകുട്ടി

മണ്ഡലത്തിൽ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടു

Aug 12, 2025 - 11:08
Aug 12, 2025 - 11:08
 0
തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണം; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: തൃശൂരിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടി.തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ആരോപണങ്ങളിൽ സുരേഷ് ഗോപിയുടെ മൗനം ദുരൂഹമാണ്.  മാന്യത ഉണ്ടെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. 
 
മണ്ഡലത്തിൽ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടു.  ഇതിന്റെ ഉത്തരവാദിത്തം  സുരേഷ് ഗോപി എംപി ഏറ്റെടുക്കണം. തൃശൂർ മണ്ഡലത്തിൽ കള്ളവോട്ട് ചേർത്തു എന്ന വ്യാപക പരാതി തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉണ്ടായി. 
 
തദ്ദേശ തെരഞ്ഞെടുപ്പിനായി ബിജെപി വൻതോതിൽ പണം മുടക്കുന്നു. സുരേഷ് ഗോപി മോഡൽ വോട്ട് ചേർക്കൽ നടക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലും സുരേഷ് ഗോപി മോഡല്‍ വോട്ട് ചേര്‍ക്കല്‍ നടന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു.
 
 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം; 
 
 
തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വീട്ടുടമസ്ഥര്‍ക്ക് പോലും അറിയാന്‍ കഴിയാത്ത രീതിയില്‍ അവരുടെ മേല്‍വിലാസത്തില്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്‌നമായ ജനാധിപത്യ കശാപ്പാണ്.
 
ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്‌സഭാ അംഗമായി തുടരാന്‍ അര്‍ഹതയില്ല. അദ്ദേഹത്തിന് നാണവും മാനവും ഉണ്ടെങ്കില്‍ ഉടന്‍തന്നെ എംപി സ്ഥാനം രാജിവെച്ച് വോട്ടര്‍മാരോട് മാപ്പ് പറയണം.കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തില്‍ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്.
 
തൃശ്ശൂരില്‍ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവര്‍ സമാനമായ നീക്കങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്.
 
ഓരോ വോട്ടറും ജാഗ്രത പാലിക്കേണ്ട സമയമാണിത്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യം സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow