ആരോഗ്യമന്ത്രിക്കെതിരായ അക്രമം 'അഭിനയം': വി.ഡി. സതീശൻ

കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും പോയിട്ടില്ലെന്ന് റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു

Feb 26, 2026 - 11:26
Feb 26, 2026 - 11:26
 0
ആരോഗ്യമന്ത്രിക്കെതിരായ അക്രമം 'അഭിനയം': വി.ഡി. സതീശൻ

കണ്ണൂര്‍: മന്ത്രി വീണ ജോർജിനെതിരെ നടന്നുവെന്ന് പറയുന്ന അക്രമം വെറും രാഷ്ട്രീയ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും പോയിട്ടില്ലെന്ന് റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു. മന്ത്രിയുടെ കയ്യിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള പരിപാടികളുടെ ചിത്രങ്ങളിലും ദൃശ്യമാണ്. ഇത് അക്രമം നടന്നതല്ലെന്നതിന് തെളിവാണ്. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നു.

മന്ത്രിയുടെ കഴുത്തും കൈയും പിടിച്ചുതിരിച്ചു എന്ന കള്ളം പ്രചരിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണ്. ഇതിനെതിരെ കേസെടുക്കണം. ആരോഗ്യമേഖലയിലെ തകർച്ചയിൽ നിന്നും സർക്കാരിനെതിരായ ജനവികാരത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ നാടകം ആസൂത്രണം ചെയ്തതെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. പ്ലാറ്റ്‌ഫോമിലൂടെ സാധാരണ നിലയിൽ നടന്നുപോയ മന്ത്രി പിന്നീട് ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിച്ചത് വിചിത്രമാണ്.

ഗൗരവകരമായ പരിക്കുകളില്ലെന്ന മെഡിക്കൽ ബുള്ളറ്റിൻ തന്നെ ഈ നാടകത്തെ പൊളിക്കുന്നതാണ്. കരിങ്കൊടിയുടെ ഒരു നൂലിഴ പോലും മന്ത്രിയുടെ ദേഹത്ത് തട്ടിയിട്ടില്ലെന്നും കരിങ്കൊടി മാരകായുധമാണോ എന്ന് പോലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്നത് വാസ്തവവിരുദ്ധമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. കണ്ണൂർ ഡി.സി.സി ഓഫീസ് ആക്രമിച്ചത് സി.പി.എം നേതാക്കളുടെ അറിവോടെയാണെന്നും, സർക്കാരിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ഇത്തരം കള്ളക്കഥകൾ മെനയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow