മന്ത്രി വീണാ ജോർജിനെതിരായ അതിക്രമം: അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്
'കൊല്ലെടാ' എന്ന് ആക്രോശിച്ച് ആയുധം കൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് ഇവർക്കെതിരെയുള്ള കേസ്
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ച സംഭവത്തിൽ പിടിയിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രി വൈകിയാണ് ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
'കൊല്ലെടാ' എന്ന് ആക്രോശിച്ച് ആയുധം കൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് ഇവർക്കെതിരെയുള്ള കേസ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.
മന്ത്രിക്കെതിരെ എ.കെ.ജി ആശുപത്രിക്ക് മുന്നിൽ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ്, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്. മന്ത്രിയുടെ വാഹനത്തിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചു എന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മന്ത്രി നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരുന്നു.
What's Your Reaction?