സ്പീക്കർക്കെതിരെ നീക്കം കടുപ്പിച്ച് ഇന്ത്യ സഖ്യം; ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി
സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാന ആരോപണം
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ ഇന്ത്യ സഖ്യം അവിശ്വാസ നോട്ടീസ് നൽകി. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാൽ പ്രതിപക്ഷ നേതാക്കൾ നേരിട്ട് സെക്രട്ടറി ജനറലിനാണ് നോട്ടീസ് കൈമാറിയത്. എൻ.ഡി.എ ഭരണകാലത്ത് ആദ്യമായാണ് ഒരു സ്പീക്കർക്കെതിരെ പ്രതിപക്ഷം ഇത്തരമൊരു നീക്കം നടത്തുന്നത്.
സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാന ആരോപണം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് നോട്ടീസിൽ ആരോപിക്കുന്നു. വനിതാ എം.പിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന സ്പീക്കറുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
എട്ട് പ്രതിപക്ഷ എം.പിമാരെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 118 എം.പിമാരാണ് അവിശ്വാസ നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസ് (TMC) നോട്ടീസിൽ ഒപ്പിട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പാർലമെന്റ് ചട്ടപ്രകാരം 14 ദിവസത്തിന് ശേഷമേ ഈ നോട്ടീസ് പരിഗണനയ്ക്ക് എടുക്കുകയുള്ളൂ. ലോക്‌സഭയുടെ ചരിത്രത്തിൽ ഇത് നാലാം തവണ മാത്രമാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് വരുന്നത്. ഇന്ത്യ സഖ്യം ചേർന്ന യോഗത്തിലാണ് സ്പീക്കറെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കാൻ തീരുമാനമായത്. വരും ദിവസങ്ങളിൽ പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട് വലിയ വാഗ്വാദങ്ങൾ നടക്കാനാണ് സാധ്യത.
What's Your Reaction?

