ക്ഷേത്ര ആചാരങ്ങള്‍ ലിംഗവിവേചനമല്ല ;വിശ്വാസത്തിന്റെ ഭാഗമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശ വിധിയിലെ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ സുപ്രധാന വാദങ്ങളുമായി കേന്ദ്ര സർക്കാർ. ക്ഷേത്രങ്ങളിലെ പ്രവേശന നിയന്ത്രണങ്ങൾ ലിംഗവിവേചനമല്ലെന്നും മറിച്ച് ഓരോ ക്ഷേത്രവും പിന്തുടരുന്ന സവിശേഷമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
പുരുഷന്മാർക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ബ്യൂട്ടി പാർലറുകളിൽ പോയും വീട്ടിലെ സ്ത്രീകളുടെ സഹായത്തോടെയും സ്ത്രീവേഷം ധരിച്ച് പുരുഷന്മാർ എത്തുന്ന ക്ഷേത്രത്തെക്കുറിച്ച് (കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം) അദ്ദേഹം കോടതിയിൽ വിശദീകരിച്ചു.
സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയെക്കുറിച്ചും 'നാരീപൂജ' നടക്കുന്ന ചക്കുളത്തുകാവ് ക്ഷേത്രത്തെക്കുറിച്ചും കേന്ദ്രം കോടതിയിൽ പരാമർശിച്ചു. ഉത്സവ സമയങ്ങളിൽ പുരുഷന്മാർക്ക് ഇവിടങ്ങളിൽ പ്രവേശന നിയന്ത്രണമുണ്ടെന്നും ഇത് ആചാരങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് സ്ത്രീകൾക്ക് ഇത്രയധികം പ്രാധാന്യം നൽകുന്ന മറ്റൊരു മതം ഹിന്ദുമതമല്ലെന്ന് അദ്ദേഹം വാദിച്ചു. ദേവതകളെ ആരാധിക്കുക മാത്രമല്ല, പുരുഷന്മാർ സ്ത്രീകളുടെ കാൽ തൊട്ട് വന്ദിക്കുന്ന 'നാരീപൂജ' പോലുള്ള ആചാരങ്ങൾ ഇതിന് തെളിവാണ്.
മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും കോടതികളുടെ പരിശോധനയ്ക്ക് അതീതമാണെന്നും, വിഷയം പുരുഷ കേന്ദ്രീകൃതമോ സ്ത്രീ കേന്ദ്രീകൃതമോ എന്നതല്ലെന്നും വിശ്വാസത്തിനാണ് മുൻഗണനയെന്നും തുഷാർ മേത്ത ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.
What's Your Reaction?