ആൾദൈവം പകർത്തിയ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 450 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസ്

ഉന്നത സ്വാധീനമുള്ള ഇയാൾക്കെതിരെ ഇപ്പോൾ പരാതികളുമായി കൂടുതൽ സ്ത്രീകൾ രംഗത്തെത്തുന്നുണ്ട്

Apr 9, 2026 - 12:59
Apr 9, 2026 - 12:59
 0
ആൾദൈവം പകർത്തിയ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 450 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസ്

മുംബൈ: ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പ്രമുഖരുടെയും ജ്യോതിഷിയെന്ന പേരിൽ അറിയപ്പെട്ടിരുന്ന നാസിക്കിലെ 'ആൾദൈവം' അശോക് കുമാർ ഖരാട്ട് പ്രതിയായ പീഡനക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ഇയാൾ രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ച വെബ്‌സൈറ്റുകൾക്കും 450-ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ പോലീസ് കേസെടുത്തു.

മർച്ചന്റ് നേവിയിൽ നിന്ന് വിരമിച്ച ശേഷം ആത്മീയ ബിസിനസിലേക്ക് കടന്ന ഖരാട്ട്, തന്റെ പക്കൽ സഹായം തേടിയെത്തുന്ന സ്ത്രീകളെയായിരുന്നു പീഡനത്തിന് ഇരയാക്കിയിരുന്നത്. ഉന്നത സ്വാധീനമുള്ള ഇയാൾക്കെതിരെ ഇപ്പോൾ പരാതികളുമായി കൂടുതൽ സ്ത്രീകൾ രംഗത്തെത്തുന്നുണ്ട്.

ഖരാട്ട് ഓഫീസിലെ രഹസ്യ ക്യാമറയിലൂടെ പകർത്തിയ ദൃശ്യങ്ങൾ ചില വെബ്‌സൈറ്റുകൾ 20 മുതൽ 50 രൂപ വരെ ഈടാക്കി വിൽക്കുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇത്തരത്തിൽ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചവർക്കെതിരെ ഐടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നൂറിലധികം സ്ത്രീകളുടെ പീഡനദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ഖരാട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിലുൾപ്പെട്ട ചില സ്ത്രീകൾ നൽകിയ പരാതിയിലാണ് ഇപ്പോൾ കർശന നടപടികൾ ആരംഭിച്ചത്. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാമെന്നും അനുഗ്രഹം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പരാതികളിലുണ്ട്.

രണ്ടാമത്തെ പീഡനക്കേസിൽ നാസിക് കോടതി ഖരാട്ടിനെ 12 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജനരോഷം കണക്കിലെടുത്ത് സുരക്ഷാ കാരണങ്ങളാൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്കെതിരെ ഇതുവരെ 7 പീഡനക്കേസുകൾ ഉൾപ്പെടെ 12 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow