വേട്ടയാടലിനെതിരെ കറുപ്പണിഞ്ഞ് പ്രതിഷേധം: പുതുപ്പള്ളിയിൽ വൈകാരിക പ്രതികരണവുമായി ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ, സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധമെന്ന നിലയിൽ കറുത്ത വസ്ത്രം ധരിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ബൂത്തിലെത്തിയത്. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ മാതാവ് മറിയാമ്മ ഉമ്മനും സഹോദരി മറിയയ്ക്കുമൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.
"എന്റെ പിതാവിനെ ഒൻപത് വർഷക്കാലം ഈ സർക്കാർ ക്രൂരമായി വേട്ടയാടി. ആ വേട്ടയാടലിന് നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പുതുപ്പള്ളിയുടെയും കേരളത്തിന്റെയും മനസ്സിലേറ്റ മുറിവാണിത്. ഇല്ലാത്ത കഥകളുണ്ടാക്കി കുടുംബത്തെപ്പോലും വേട്ടയാടിയവർക്കെതിരെയുള്ള പ്രതിഷേധമാണ് ഈ കറുത്ത വസ്ത്രം."
ഉമ്മൻ ചാണ്ടി സർക്കാർ തുടക്കമിട്ട പാലങ്ങളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും ഇപ്പോഴും പണി പൂർത്തിയാകാതെ നിൽക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകാതെ മണ്ഡലത്തെ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
"പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടത് ഞങ്ങളെ അപമാനിക്കാനാണ്. പണി പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ പേരിടുന്നതായിരുന്നു അന്തസ്സ്. മരണശേഷവും അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്നത് തുടരുകയാണ്."
സ്വർണ്ണക്കടത്ത്, ശബരിമല വിഷയം തുടങ്ങിയവയിൽ ജനങ്ങൾക്കുള്ള പ്രതിഷേധം വോട്ടായി മാറുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. കറുപ്പ് കണ്ടാൽ ഭയപ്പെടുന്നവർക്ക് ഇതൊരു ആചാരത്തിന്റെ ഭാഗമായി കണ്ടാമതിയെന്നും അദ്ദേഹം പരിഹസിച്ചു."കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനയുള്ള ദിവസമാണിന്ന്. ആ വേദനയോടെ തന്നെയാണ് ഈ പ്രതിഷേധം രേഖപ്പെടുത്തുന്നത്. പുതുപ്പള്ളിയും കേരളവും ഇടത് സർക്കാരിനെതിരെ വിധിയെഴുതും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
What's Your Reaction?