എറിഞ്ഞ കല്ലുകള്‍ തന്നെയാണ് എന്റെ അടിത്തറ’; വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി കെ.ആര്‍. മീര

Jun 5, 2026 - 18:03
Jun 5, 2026 - 18:04
 0
എറിഞ്ഞ കല്ലുകള്‍ തന്നെയാണ് എന്റെ അടിത്തറ’; വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി കെ.ആര്‍. മീര

തിരുവനന്തപുരം: ‘എയറില്‍ നില്‍ക്കുന്ന സമയമാണിത്. എക്കാലത്തും എയറില്‍ നിന്നാണ് എഴുതിയത്. ഏറ് കിട്ടുന്ന കല്ലുകള്‍ കൊണ്ടാണ് കൊട്ടാരം പണിയുന്നത്’ എന്ന് വ്യക്തമാക്കി കലാച്ചിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി എഴുത്തുകാരി കെ.ആര്‍. മീര. എത്ര പ്രതിസന്ധികളും വിമര്‍ശനങ്ങളും നേരിട്ടാലും എഴുത്ത് തുടരുക തന്നെ ചെയ്യുമെന്നും, സ്വന്തം നിലപാടുകള്‍ തുറന്നു പറയുന്നത് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന പ്രൊഫസര്‍ കെ. സുധാകരന്‍ സാംസ്‌കാരിക പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ.ആര്‍. മീര. തന്റെ ഏറ്റവും പുതിയ നോവലായ ‘കലാച്ചി’ എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണെന്ന് അവർ പറഞ്ഞു. ദീര്‍ഘകാല പഠനവും യാത്രകളും ചിന്തകളും കഠിനാധ്വാനവും ചേര്‍ന്നാണ് ആ കൃതി രൂപപ്പെട്ടതെന്നും വായനക്കാര്‍ക്കായി സമര്‍പ്പിച്ച ആ സൃഷ്ടി തന്റെ പരിശ്രമത്തിന്റെ ഫലമാണെന്നും മീര വ്യക്തമാക്കി.

സമൂഹത്തില്‍ ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ എങ്ങനെ നിശബ്ദരാക്കാന്‍ ശ്രമിക്കപ്പെടുന്നുവെന്നത് പല സംഭവങ്ങളിലൂടെയും വ്യക്തമായതായി മീര ചൂണ്ടിക്കാട്ടി. സാഹിത്യലോകത്ത് ഉയരുന്ന അനുകരണ വിവാദങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളെ മാത്രമാണ് അധികമായി ലക്ഷ്യമിടുന്നതെന്നും, പുരുഷ എഴുത്തുകാരുടെ പേരുകളെ പരിഹാസപ്രയോഗങ്ങളാക്കി മാറ്റിയതായി കേട്ടിട്ടില്ലെന്നും അവർ പറഞ്ഞു. ‘ദീപയടി’ എന്ന പ്രയോഗത്തെ പരാമര്‍ശിച്ച മീര, അത് ‘മീരയടി’ എന്ന് മാറ്റിയാലും തനിക്ക് സന്തോഷത്തോടെ സ്വീകരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ ഓരോ പുസ്തകവും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വായനക്കാര്‍ക്ക് അവ തമ്മില്‍ താരതമ്യം ചെയ്താല്‍ മനസിലാകുമെന്നും മീര പറഞ്ഞു. മാധ്യമങ്ങളുടെ സമീപനത്തെയും അവർ വിമര്‍ശിച്ചു. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ മാത്രം സ്വീകരിക്കുകയും വിശ്വസിക്കാന്‍ താല്‍പര്യമുള്ളത് മാത്രം വിശ്വസിക്കുകയും ചെയ്യുന്ന സമീപനം മാധ്യമധര്‍മ്മത്തിന് വിരുദ്ധമാണെന്ന് അവർ അഭിപ്രായപ്പെട്ടു. തന്റെ വാക്കുകളും പുസ്തകങ്ങളും തന്നെയാണ് തനിക്കുവേണ്ടി സംസാരിക്കുകയെന്നും മീര കൂട്ടിച്ചേര്‍ത്തു.

വെറുപ്പിന്റെ രാഷ്ട്രീയത്തെയും ആശയങ്ങളെയും എഴുത്തുകാര്‍ക്ക് പിന്തുണയ്ക്കാനാകില്ലെന്ന് പറഞ്ഞ മീര, ഭാവിതലമുറ ‘എന്തുകൊണ്ട് എഴുതിയില്ല’ എന്ന് ചോദിക്കുന്ന സാഹചര്യമാണ് തനിക്ക് ഭയമുണ്ടാക്കുന്നതെന്നും വ്യക്തമാക്കി. സ്വന്തം വേദനകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാനാകില്ലെന്നും, പുതിയ തലമുറയിലെ എഴുത്തുകാരികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും പിന്തുണയും ലഭിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഇനിയും നിരവധി പുസ്തകങ്ങള്‍ എഴുതാനുള്ള ആഗ്രഹമുണ്ടെന്നും, അനാവശ്യ വിഷയങ്ങള്‍ അമിതമായി ആഘോഷിക്കപ്പെടുന്ന പ്രവണത അവസാനിക്കണമെന്നും കെ.ആര്‍. മീര അഭിപ്രായപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow