ശബരിമല സ്വർണക്കൊള്ള കേസ്: പ്രതിഭാഗ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക പ്ലീഡറാക്കി; സർക്കാരിനെതിരെ വിവാദം
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക ഗവൺമെന്റ് പ്ലീഡറായി നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ വിവാദം ശക്തമാകുന്നു. സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ എന്ന പ്രത്യേക പദവി സൃഷ്ടിച്ചാണ് നിയമനം നടത്തിയതെന്നാണ് ആരോപണം.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി കെ ബി പ്രദീപ് ഹാജരായിരുന്നു. തുടർന്ന് കേസിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയോഗിച്ചതോടെ സ്മാർട്ട് ക്രിയേഷൻസിനെയും അവരുടെ അഭിഭാഷകനെയും ഹർജിയിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അന്വേഷണ രേഖകൾ പ്രതിഭാഗത്തിന് ലഭിക്കാതിരിക്കാനായിരുന്നു ഈ നടപടിയെന്നാണ് വിലയിരുത്തൽ.
ഇത്തരം സാഹചര്യത്തിലാണ് അതേ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതെന്നത് താൽപര്യ വൈരുദ്ധ്യത്തിന് ഇടയാക്കുന്നുവെന്ന വിമർശനം ഉയരുന്നത്. പുതിയ പദവി ലഭിച്ചതോടെ കേസുമായി ബന്ധപ്പെട്ട എസ്‌ഐടി രേഖകളിലേക്കുള്ള പ്രവേശനത്തിന് തടസങ്ങളില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്.
2019ൽ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശുന്നതിനായി ശരിയായ സാങ്കേതിക വിദ്യ സ്മാർട്ട് ക്രിയേഷൻസ് ഉപയോഗിച്ചിരുന്നില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. സ്വർണം വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം സ്ഥാപനത്തിനില്ലായിരുന്നുവെന്നും, 474.9 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതായും കോടതി നടപടികൾക്കിടെ പരാമർശിച്ചിരുന്നു.
ഈ സാഹചര്യത്തിൽ, കേസിൽ സംശയ നിഴലിലുള്ള സ്ഥാപനത്തിന് വേണ്ടി വാദിച്ച അഭിഭാഷകനെ തന്നെ ദേവസ്വം വകുപ്പിന്റെ പ്രത്യേക നിയമ പ്രതിനിധിയായി നിയമിച്ചത് ചോദ്യങ്ങൾ ഉയർത്തുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.
What's Your Reaction?



