വീട്ടിനുള്ളിൽ കയറി ആക്രമണം; കല്ലമ്പലത്ത് വയോധികയ്ക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്ക്

Jun 12, 2026 - 16:51
Jun 12, 2026 - 16:54
 0
വീട്ടിനുള്ളിൽ കയറി ആക്രമണം; കല്ലമ്പലത്ത് വയോധികയ്ക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണ ഭീതി. തിരുവനന്തപുരം കല്ലമ്പലത്ത് 65 വയസ്സുള്ള വയോധികയ്ക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റു. പനി ബാധിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്ന ഗിരിജയെ വീടിനുള്ളിൽ കയറിയ നായയാണ് ആക്രമിച്ചത്.

തുറന്നുകിടന്നിരുന്ന വാതിലിലൂടെ അകത്ത് കടന്ന നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗിരിജയുടെ കൈയിൽ കടിയേറ്റത്. പരിക്കേറ്റ വയോധികയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനിടെ കല്ലമ്പലം കരവാരം പ്രദേശത്ത് നാല് പേർക്കുകൂടി തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കും നായയുടെ ആക്രമണം നേരിട്ടതായാണ് നാട്ടുകാർ പറയുന്നത്.

ആക്രമണം നടത്തിയ നായയോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇതോടെ ആക്രമണകാരിയായ നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നോയെന്ന സംശയവും ശക്തമായിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow