സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; കോഴിക്കോട് മൂന്ന് വയസുകാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്ന് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം വയനാട്ടിലെ കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 16 ആയി ഉയര്‍ന്നു. ഈ വര്‍ഷം സംസ്ഥാനത്താകെ 110-ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 54 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2025ല്‍ 132 പേര്‍ക്കും, 2024ല്‍ 121 പേര്‍ക്കും, 2023ല്‍ 90 പേര്‍ക്കും, 2022ല്‍ 83 പേര്‍ക്കും ഷിഗെല്ല ബാധിച്ചിരുന്നു. ഇത്തവണ കൂടുതല്‍ ജില്ലകളിലേക്ക് രോഗവ്യാപനം രേഖപ്പെടുത്തിയിട്ടുള്ളത് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യം അസാധാരണമാണെന്നും പ്രത്യേക ജാഗ്രത ആവശ്യമാണെന്നും അധികൃതര്‍ വിലയിരുത്തുന്നു.
മനുഷ്യരുടെ കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതെയും രോഗബാധ ഉണ്ടാകാം. രോഗാണു ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം സാധാരണയായി മൂന്ന് ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
What's Your Reaction?



