മീനാക്ഷി നടരാജന്റെ ഹർജി തള്ളി സുപ്രീംകോടതി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു
ന്യൂഡൽഹി: മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. വിഷയത്തിൽ തിരഞ്ഞെടുപ്പ് ഹർജിയായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു.
ഫലപ്രഖ്യാപനം നടന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതിയിൽ മൗനം പാലിച്ചെന്നാണ് മീനാക്ഷി നടരാജന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
തിരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യണമെന്നും ഫലപ്രഖ്യാപനം തടയണമെന്നുമുള്ള ആവശ്യം സുപ്രീംകോടതി നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതായി റിട്ടേണിങ് ഓഫിസർ പ്രഖ്യാപിച്ചു.
തെലങ്കാനയിലെ ഒരു ക്രിമിനൽ കേസിന്റെ വിവരങ്ങൾ നാമനിർദേശ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്ന ബിജെപി സ്ഥാനാർഥി മഹേഷ് കേവത്തിന്റെ പരാതിയെ തുടർന്നാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. എന്നാൽ, തെലങ്കാന കോടതിയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.
രാജ്യസഭയിലെ ഒഴിവുവന്ന 27 സീറ്റുകളിൽ 24 സീറ്റുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. ഇതിൽ 19 സീറ്റ് എൻഡിഎക്കും അഞ്ച് സീറ്റ് കോൺഗ്രസിനുമാണ് ലഭിച്ചത്. ജാർഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മിസോറമിലെ ഒരു സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് ജൂൺ 18ന് നടക്കും.
What's Your Reaction?



