പെട്രോൾ പമ്പുകളിൽ നിന്ന് വൻകിട വാങ്ങൽ വിലക്കി; കേന്ദ്രത്തിന്റെ പുതിയ തീരുമാനം
സാധാരണ ഉപഭോക്താക്കൾക്ക് ഇന്ധനം തടസ്സമില്ലാതെ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി വ്യാവസായിക, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് വിലക്കി.
പകരം ഇത്തരം ഉപഭോക്താക്കൾക്ക് അംഗീകൃത ബൾക്ക് സപ്ലൈ സംവിധാനങ്ങൾ വഴിയോ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴിയോ ഇന്ധനം വാങ്ങാമെന്ന് സർക്കാർ നിർദേശിച്ചു. പൊതുജനങ്ങൾക്കുള്ള ഇന്ധനവിതരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യം വിലയിരുത്തി കാലാവധി നീട്ടാനും സാധ്യതയുണ്ട്. റീട്ടെയിൽ പമ്പുകളിലെ കുറഞ്ഞ വിലയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി വൻകിട ഉപഭോക്താക്കൾ വലിയ തോതിൽ ഇന്ധനം വാങ്ങുന്നത് വർധിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
പുതിയ ഉത്തരവ് പ്രകാരം വ്യാവസായിക യൂണിറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് വലിയ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇനി റീട്ടെയിൽ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ സാധിക്കില്ല. റീട്ടെയിൽ, ബൾക്ക് വിലകൾ തമ്മിലുള്ള വലിയ വ്യത്യാസമാണ് വൻകിട ഉപഭോക്താക്കളെ പമ്പുകളിലേക്ക് ആകർഷിച്ചതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ഉദാഹരണമായി, ഡൽഹിയിൽ റീട്ടെയിൽ പമ്പുകളിൽ ഡീസൽ ലിറ്ററിന് 95.20 രൂപയ്ക്കാണ് ലഭ്യമാകുന്നത്. എന്നാൽ ബൾക്ക് വിതരണ നിരക്ക് ലിറ്ററിന് 134.50 രൂപയോളമാണ്. ഈ വില വ്യത്യാസമാണ് റീട്ടെയിൽ പമ്പുകളിൽ നിന്ന് വൻതോതിൽ ഇന്ധനം വാങ്ങാൻ പല സ്ഥാപനങ്ങളെയും പ്രേരിപ്പിച്ചതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
What's Your Reaction?



