ഡൽഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ടാണ് കേന്ദ്ര റെയിൽവേ മന്ത്രി പ്രഖ്യാപിച്ചത്. ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക.
ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുള്ളതായിരിക്കും ഈ പുതിയ ട്രെയിനെന്ന് മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന ഹൈ സ്പീഡ് ട്രയലിൽ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിൻ പരീക്ഷണം പൂർത്തിയാക്കിയത്. ആകെ യാത്രാശേഷി 823 ആണ്.
അതേസമയം രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ പദ്ധതി. ഇന്റർ-സിറ്റി യാത്രയിൽ വിപ്ലവം ഇത് സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയിൽ ലോകോത്തര ഹൈ സ്പീഡ് റെയിൽ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.