പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലയ്ക്കും വില കൂടും; ഫെബ്രുവരി 1 മുതൽ അധിക തീരുവയും സെസ്സും നിലവിൽ വരും

നിലവിൽ ഈടാക്കുന്ന ജിഎസ്ടി കോമ്പൻസേഷൻ സെസ്സിന് പകരമായിട്ടായിരിക്കും പുതിയ തീരുവകൾ നടപ്പിലാക്കുക

Jan 1, 2026 - 17:50
Jan 1, 2026 - 17:50
 0
പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലയ്ക്കും വില കൂടും; ഫെബ്രുവരി 1 മുതൽ അധിക തീരുവയും സെസ്സും നിലവിൽ വരും

ന്യൂഡൽഹി: പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലയ്ക്കും കേന്ദ്രസർക്കാർ അധിക നികുതി ഏർപ്പെടുത്തി. ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ സെസ്സും നിലവിൽ വരും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കി.

നിലവിൽ ഈടാക്കുന്ന ജിഎസ്ടി കോമ്പൻസേഷൻ സെസ്സിന് പകരമായിട്ടായിരിക്കും പുതിയ തീരുവകൾ നടപ്പിലാക്കുക. ജിഎസ്ടി നിരക്കിന് പുറമെയാണ് ഈ അധിക തുക ഈടാക്കുന്നത്. സിഗരറ്റ്, പാൻ മസാല, പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഫെബ്രുവരി 1 മുതൽ 40 ശതമാനം ജിഎസ്ടി ഈടാക്കും. ബീഡിക്ക് 18 ശതമാനം ജിഎസ്ടി തുടരും.

പാൻ മസാലയ്ക്ക് പുതുതായി 'ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ്' ഏർപ്പെടുത്തി. പുകയിലയ്ക്കും അനുബന്ധ ഉത്പന്നങ്ങൾക്കും അധിക എക്സൈസ് തീരുവയാണ് ചുമത്തുക. ചവയ്ക്കുന്ന പുകയില, ജർദ, ഗുട്ക എന്നിവയുടെ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട 'പാക്കിങ് മെഷീൻ ചട്ടങ്ങൾ 2026' ധനകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്.

പാൻ മസാല നിർമ്മാണത്തിന് പുതിയ സെസ് ഏർപ്പെടുത്തുന്നതിനും പുകയിലയ്ക്ക് എക്സൈസ് തീരുവ ചുമത്തുന്നതിനുമുള്ള രണ്ട് ബില്ലുകൾക്ക് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. ഇത് നടപ്പിലാക്കുന്ന തീയതിയാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചത്. ഈ മാറ്റം നിലവിൽ വരുന്നതോടെ വിപണിയിൽ പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലയ്ക്കും വില വർദ്ധിക്കാൻ സാധ്യതയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow