ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ല; വധശിക്ഷ നിയമവിരുദ്ധമെന്ന് നയതന്ത്രവിദഗ്ധർ
രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളാണെങ്കിൽ കുറ്റവാളികളെ കൈമാറേണ്ടതില്ലെന്ന് കരാർ വ്യവസ്ഥയുടെ ആറാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ, ബംഗ്ലാദേശിന് കൈമാറാൻ സാധ്യതയില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചന നൽകി. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ഇന്ത്യാ-ബംഗ്ലാദേശ് ഉഭയകക്ഷി കരാർ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഹസീനയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളാണെങ്കിൽ കുറ്റവാളികളെ കൈമാറേണ്ടതില്ലെന്ന് കരാർ വ്യവസ്ഥയുടെ ആറാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊലപാതക കേസുകളിൽ ഉൾപ്പെട്ടവരെ കൈമാറണമെന്ന വ്യവസ്ഥ 2024 ഡിസംബറിൽ ബംഗ്ലാദേശ് കരാറിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ഇന്ത്യ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം രേഖാമൂലം കൈമാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇന്ത്യ ഈ ആവശ്യത്തോട് നേരിട്ട് പ്രതികരിച്ചില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ബഹുജന പ്രക്ഷോഭം അടിച്ചമർത്തിയെന്ന പേരിൽ വിചാരണ നേരിട്ട ഷെയ്ഖ് ഹസീനയ്ക്ക് തിങ്കളാഴ്ചയാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ വധശിക്ഷ വിധി പ്രസ്താവിച്ചത്. പോലീസ് നടപടി സംബന്ധിച്ച കേസിലായിരുന്നു വിധി.
ജനുവരിയിൽ ബംഗ്ലാദേശിൽ നടന്നത് ഡമ്മി തിരഞ്ഞെടുപ്പായിരുന്നു എന്ന് ട്രിബ്യൂണൽ കണ്ടെത്തി. "മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞു" എന്ന് ട്രിബ്യൂണൽ പറഞ്ഞു. കൊലപാതകം, കൊലയ്ക്കുള്ള ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റ് പ്രവൃത്തികൾ എന്നിവയാണ് ഹസീനയുടെ പേരിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഹസീനയുടെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസമാൻ ഖാൻ കമാൽ, അന്നത്തെ ഐ.ജി. ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരുടെ പേരിലും ട്രിബ്യൂണൽ കുറ്റം ചുമത്തിയിട്ടുണ്ട്.
What's Your Reaction?

