ഹംപിയിൽ വിദേശ വനിതയേയും ഹോംസ്റ്റേ ഉടമയേയും കൂട്ടബലാത്സംഗം ചെയ്തു; ഒഡീഷ സ്വദേശിക്ക് ദാരുണാന്ത്യം
പ്രതികളെ പിടികൂടാന്‍ ആറ് അംഗങ്ങളടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്

ബെംഗളൂരു: ഹംപിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ലൈംഗികാതിക്രമം. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. വിദേശ വനിതയേയും ഹോംസ്റ്റേ ഉടമയേയും കൂട്ട ബലാത്സംഗം ചെയ്തു. 27 വയസ്സുള്ള ഇസ്രയേലി വനിതയ്ക്കും 29കാരിയായ ഹോംസ്റ്റേ ഉടമയ്ക്കും നേരെയായിരുന്നു അതിക്രമം.
കൂടെയുണ്ടായിരുന്ന ഒഡീഷ സ്വദേശി ബിബാസിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടബലാത്സംഗത്തിന് മുന്‍പ് അക്രമികൾ ഒഡിഷ സ്വദേശിയെ മർദ്ദിച്ച് തടാകത്തിൽ തള്ളിയിരുന്നു. ഇയാളുടെ മൃതദേഹമാണ് തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന്‍റെ കരയില്‍ നിന്ന് കണ്ടെടുത്തത്.
സ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന ബിബാസിനെ അക്രമി സംഘം കനാലില്‍ തള്ളിയിടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഹംപി സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേർ അടങ്ങിയ സംഘം ഈ ക്രൂരകൃത്യം നടത്തിയത്.
ഹംപിയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള സനാപൂർ തടാകത്തിന് സമീപമാണ് സംഭവം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിലുണ്ടായിരുന്ന അമേരിക്കന്‍ പൗരന്‍ ഡാനിയലിനും മഹാരാഷ്ട്ര സ്വദേശി പങ്കജിനും പരിക്കേറ്റിട്ടുണ്ട്. ഇവരെയും അക്രമികൾ കനാലിൽ തള്ളിയിടുകയായിരുന്നു. മോട്ടോര്‍സൈക്കിളിലെത്തിയ പ്രതികള്‍ ആദ്യം പെട്രോളും പിന്നീട് 100 രൂപയും ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ചാരികള്‍ ഇത് നിരസിച്ചു. തുടർന്നാണ് അക്രമകാരികള്‍ അക്രമാസക്തരാകുകയും അക്രമിക്കുകയും ചെയ്തത്.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും മർദിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇസ്രയേൽ വനിതയും ഹോംസ്‌റ്റേ ഉടമയും ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണ്. അതേസമയം പ്രതികളെ പിടികൂടാന്‍ ആറ് അംഗങ്ങളടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
What's Your Reaction?






