ഡൽഹി: വോട്ട് കൊള്ളയ്ക്കെതിരായ സാമൂഹ്യമാധ്യമ പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി ക്യാമ്പെയ്‌ന് തുടക്കമിട്ടു. തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ലോക്സഭ പ്രതിപക്ഷ നേതാവിന്‍റെ മുന്നേറ്റം.
ഇതിനായി 'വോട്ട്‌ചോരി ഡോട്ട് ഇന്‍' എന്ന പേരില്‍ വെബ്‌സൈറ്റിന് തുടക്കമിട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതായി രാഹുൽ പറഞ്ഞു.
വെബ്‌സൈറ്റില്‍ 'വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി' എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്. ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് പങ്കുവയ്ക്കാം.
വോട്ട്ചോരി ഡോട്ട് ഇൻ എന്ന പേരിലുള്ള വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാനാണ് രാഹുലിന്‍റെ ആഹ്വാനം. മിസ്ഡ് കോളിലൂടെയും പ്രചാരണത്തിൽ ചേരാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.