ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ മിന്നൽ പ്രളയം വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ദുരിതബാധിതർക്ക് സർക്കാർ മതിയായ ധനസഹായം നൽകിയില്ലെന്ന ആരോപണമാണ് പുറത്തുവരുന്നത്.
5000 രൂപയാണ് അടിയന്തര സഹായമായി സർക്കാർ ദുരിതബാധിതർക്ക് നൽകിയത്. എന്നാൽ ഇവർക്ക് നൽകിയ 5000 രൂപയുടെ ചെക്ക് ഗ്രാമീണർ നിരസിച്ചു. എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം ഈ തുക പര്യാപ്തമല്ലെന്നാണ് പരാതി.
ധരാലിയിലെയും ഹർഷിലിലെയും ദുരിതബാധിത കുടുംബങ്ങൾക്കാണ് 5000 രൂപയുടെ ചെക്ക് വിതരണം ചെയ്തത്. എന്നാൽ ഇത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. എന്നാൽ 5000 രൂപ താൽക്കാലിക സഹായം മാത്രമാണെന്നായിരുന്നു ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് ആര്യയുടെ ന്യായീകരണം. മുഴുവൻ നഷ്ടവും വിലയിരുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.