മേഘാലയ ഖനി ദുരന്തം: മരണം 27 ആയി; കൂടുതൽ പേർക്കായി തെരച്ചിൽ തുടരുന്നു
അപകടസമയത്ത് എത്രപേർ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ല
ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലുണ്ടായ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. ശനിയാഴ്ച വൈകീട്ടോടെ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണിത്. എൻ.ഡി.ആർ.എഫ്, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ ഖനിക്കുള്ളിൽ ഇപ്പോഴും ഊർജിതമായ തിരച്ചിൽ നടന്നുവരികയാണ്.
വ്യാഴാഴ്ച പുലർച്ചെ മയൻസങ്ത്-താങ്സ്കോ മേഖലയിലെ ഖനിയിൽ ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടസമയത്ത് എത്രപേർ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ല. അതിനാൽ തന്നെ ഇനിയും എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിൽ ആശങ്ക നിലനിൽക്കുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കണ്ടെടുത്ത മൃതദേഹങ്ങളിൽ 12 എണ്ണം ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ഖനി അധികൃതരായ രണ്ടുപേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. അനധികൃത ഖനനമാണോ നടന്നതെന്ന കാര്യമുൾപ്പെടെയുള്ള വിഷയങ്ങളിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
What's Your Reaction?

