ചെന്നൈ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നമ്പർ വാങ്ങി തന്നെ കാണാൻ വരണമെന്ന് വഴിയോര കച്ചവടക്കാരന്റെ ഭീഷണി
കവർച്ച ഉൾപ്പെടെ 13 ഓളം കുറ്റകൃത്യങ്ങളിൽ ഇയാൾ മുമ്പ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയെ തിങ്കളാഴ്ച രാത്രി ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ വഴിയോര ബിരിയാണി വിൽപ്പനക്കാരനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെ, ഭരണകക്ഷിയായ ഡി.എം.കെയ്‌ക്കെതിരെ പ്രതിപക്ഷമായ ബി.ജെ.പിയും എ.ഐ.എഡി.എം.കെയും ആഞ്ഞടിച്ചു.
പ്രതികൾക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാർട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് ചില നേതാക്കൾ അവകാശപ്പെട്ടു. അതേസമയം പ്രതിയായ 37 കാരനായ ജ്ഞാനശേഖരനുമായി മുഖ്യമന്ത്രിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡി.എം.കെ അറിയിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് ആക്രമണം നടന്നത്. 180 ഏക്കർ വിസ്തൃതിയുള്ള കാമ്പസിലെ ആളൊഴിഞ്ഞ സ്ഥലത്ത് വിദ്യാർത്ഥിനി ഒരു സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ആക്രമണം ഉണ്ടായത്.
"ജ്ഞാനശേഖരൻ വിദ്യാർത്ഥികളെ സമീപിച്ച് അവരുടെ വീഡിയോ എടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് ആൺ സുഹൃത്തിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരയെ ആക്രമിച്ചു. അയാൾ റെക്കോർഡ് ചെയ്ത കുറ്റകൃത്യത്തിന്റെ തെളിവുകൾ അടങ്ങിയ മൊബൈൽ ഫോൺ ഞങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അയാൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും തെളിവുകൾ ഇല്ലാതാക്കിയിട്ടുണ്ടോ എന്നും കണ്ടെത്താൻ ഞങ്ങൾ ഇപ്പോൾ മൊബൈൽ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്," ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ TNIE നോട് പറഞ്ഞു.
സംഭവത്തിന് ശേഷം, വിദ്യാർത്ഥിനി ചൊവ്വാഴ്ച രാവിലെ പോലീസിനെ ബന്ധപ്പെടുകയും യൂണിവേഴ്സിറ്റിയിലെ ലൈംഗിക പീഡന നിരോധനത്തിനായുള്ള ആന്തരിക പരാതി സമിതിയിൽ പരാതി നൽകുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടാൻ കോട്ടൂർപുരം വനിതാ പോലീസ് നാല് ടീമുകൾ രൂപീകരിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും ജ്ഞാനശേഖരൻ പ്രതിയാണെന്ന് തിരിച്ചറിയുകയും ചെയ്തു.
ചെറിയ മോഷണം, കവർച്ച എന്നിവയുൾപ്പെടെ കുറഞ്ഞത് 13 ചെറിയ കുറ്റകൃത്യങ്ങളിൽ മുമ്പ് ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ജ്ഞാനശേഖരൻ അതിജീവിതയുടെ ഫോൺ നമ്പർ വാങ്ങുകയും എപ്പോൾ വിളിച്ചാലും തന്നെ കാണണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
What's Your Reaction?






